കാക്കനാട്: വിവരവിസ്ഫോടനത്തിന്റെ പുതിയ കാലത്തു നിരന്തരം പഠിക്കുക എന്നതു നിലനില്പിനു പ്രധാനമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന് അഭിപ്രായപ്പെട്ടു. എഐ വിപ്ലവത്തിലൂടെ തൊഴില്‍ നഷ്ടമാവുന്ന സാഹചര്യത്തിനൊപ്പം, പുതിയ തൊഴിലസരങ്ങളും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിച്ച രാജഗിരി നോളജ് സമ്മിറ്റ് (ആര്‍കെഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയ്ക്കൊപ്പം സഞ്ചരിക്കാനും അവരുടെ ഭാഷയും അറിവുകളും നേടിയെടുക്കാനും താന്‍ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജഗിരി വാലി കെ.ഇ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ മുഖ്യാതിഥിയായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും ഈ മേഖലയിൽ പരിഷ്കാരങ്ങള്‍ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സിഎംഐ പ്രൊവിൻഷ്യാളും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ ഫാ. പൗലോസ് കിടങ്ങേന് അധ്യക്ഷത വഹിച്ചു. രാജഗിരി നോളജ് സമ്മിറ്റിലെ പ്രബന്ധ സംഗ്രഹങ്ങളുടെ സമാഹാരം മന്ത്രി റോജിക്കു നല്കി പ്രകാശനം ചെയ്തു.
കോളജ് ഡയറക്ടര്‍ ഫാ. അജീഷ് പുതുശേരി, പ്രിന്‍സിപ്പൽ ഡോ. ലാലി മാത്യു, ആര്‍സെറ്റ് പ്രിന്‍സിപ്പൽ ഫാ. ഡോ. ജെയ്സണ്‍ പോള്‍ മുളേരിക്കല്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റാഷിദ് ഉള്ളമ്പിള്ളി എന്നിവർ പ്രസംഗിച്ചു.
പാനല്‍ ചര്‍ച്ചയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, എഐ വിദഗ്ധന്‍ സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.സമ്മിറ്റ് നാളെ സമാപിക്കും.